കോട്ടയം: പൊലിസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി യെസ് ടു സ്പോട്സ് - നോ ടു ഡ്രഗ്സ് സന്ദേശം ഉയര്‍ത്തി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന മാരത്തണ്‍ ദീപശിഖ ഏഴിനു കോട്ടയം ജില്ലയിലെത്തും. അഞ്ചിനു കാസര്‍ഗോഡ്നിന്ന് ആരംഭിച്ച യാത്ര ഏഴിനു രാവിലെ എട്ടിനു ജില്ലാ അതിര്‍ത്തിയായ വൈക്കം സ്റ്റേഷന് പരിധിയിലെ പൂത്തോട്ടയില്‍ കോട്ടയം പൊലിസ് സ്വീകരിക്കും.
ഇന്റര്‍നാഷണല്‍ വോളിബോള്‍ താരം എസ്.ഐ. മധു ദീപശിഖ ഏറ്റുവാങ്ങും. ബൈക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും അകമ്പടിയോടെ വലിയകവലയില്‍ എത്തും. പൊതുജനങ്ങളുടെയും സ്വീകരണത്തോടെ ബോട്ട് ജെട്ടിയിലേക്ക് ഓട്ടം നടത്തും. ബോട്ട് ജെട്ടി ജംഗ്ഷനിലെ വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ സ്വീകരണ സമ്മേളനം. മന്ത്രി മോന്‍സ് ജോസഫ്, എംഎല്‍എമാരായ കെ. ബിനിമോന്, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ചേര്‍ന്നു ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നല്‍കും.
ദീപശിഖ തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് ഗ്രൗണ്ടില്‍ രാവിലെ 10ന് എത്തിച്ചേരും. ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഫ്ളാഗ് ഓഫ് ചെയ്തു തിരുനക്കര മഹാദേവ ക്ഷേത്രമൈതാനത്തെ ശിവശക്തി ഓഡിറ്റോറിയത്തില്‍ വാഹന, എസ്പിസി, എന്‍സിസി, വിദ്യാര്‍ഥി, യുവജന ക്ലബ്, സ്പോർട്സ്, അത്ലറ്റിക് പ്രമുഖര്‍, വാദ്യമേളങ്ങള്‍, കളരിപ്പയറ്റ്, റോളര്‍ സ്കേറ്റിംഗ്, നിശ്ചലദൃശ്യം എന്നിവയുടെ അകമ്പടിയോടെ തിരുനക്കര മൈതാനത്ത് എത്തും. ദ്രോണാചാര്യ കെ.പി. തോമസ് ദീപശിഖ ഏറ്റുവാങ്ങും.
സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, എംഎല്‍എമാരായ നാട്ടകം സുരേഷ്, മാണി സി. കാപ്പന്, റോണി കെ. ബേബി, എം.ജെ. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം.പി. സന്തോഷ് കുമാര്‍ ചലച്ചിത്ര സംവിധായകരായ രഞ്ജി പണിക്കര്‍, ജയരാജ്, ജോഷി മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ശരത് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ പൊതുപ്രതിജ്ഞ എടുക്കും. സിഎംഎസ് കോളജ് വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും ലഹരി വിരുദ്ധ ബോധവത്കരണ പ്രഭാഷണവും നടത്തും.
തുടര്‍ന്ന് ദീപശിഖ ചങ്ങനാശേരി പെരുന്ന ജംഗ്ഷനില്‍ വിനു ജോബ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ജില്ലാ അതിര്‍ത്തിയായ ഇടിഞ്ഞില്ലത്ത് ദീപശിഖ പത്തനംതിട്ടയ്ക്ക് കൈമാറും. മാരത്തണിന്റെ പ്രചാരണഭാഗമായി കോട്ടയം ബസേലിയോസ് കോളജ് ഗ്രൗണ്ടില്‍ പാമ്പാടി ആര്‍ഐടി എന്‍ജിനിയറിംഗ് കോളജ്, കോട്ടയം ബസേലിയോസ് കോളജ്, പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ്, അല്‍ ഇത്തിഹാദ് ഫുട്ബോള്‍ അക്കാദമി, ജില്ലാ പൊലിസ് ടീം എന്നീ ടീമുകളെ പങ്കെടുപ്പിച്ചുള്ള ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചു.
യുവജനങ്ങളില്‍ കായിക പ്രവര്‍ത്തനവും ശാരീരികക്ഷമതയും പ്രോത്സാഹിപ്പിക്കുക, മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ശക്തമായ പൊതുബോധവത്കരണം നടത്തുക, തൂഫാന് വാരിയേഴ്സ് ഉള്‍പ്പടെ പൊലിസിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചാരണം നല്‍കുക തുടങ്ങിയവ മാരത്തണ്‍ ദീപശിഖാപ്രചാരണം ലക്ഷ്യമിടുന്നുവെന്ന് ജില്ലാ പൊലിസ് ചീഫ് കെ.എം. സാബു മാത്യു പറഞ്ഞു.